നടക്കുക
ഒരു കോളേജ് ജേണലിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെടുന്നതിനായി, ഫുട്‌ബോൾ മത്സരത്തിന്റെ ദൃക്‌സാക്ഷിവിവരണം എഴുതാൻ തീരുമാനിച്ച ഫുട്‌ബോൾ പരിചയമില്ലാത്ത ഒരു വിദ്യാർത്ഥി ബെൻ മാൽക്കോംസണിന്റെ ആകർഷകമായ ഓർമ്മക്കുറിപ്പാണ് “വാക്ക് ഓൺ.” അവനുപോലും വിശ്വസിക്കാനാവാത്തനിലയിൽ, അവൻ ടീമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ടീമിൽ ചേർന്നതിന് ശേഷം, അപ്രതീക്ഷിതമായ ഈ അവസരത്തിൽ അവനെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ മാൽക്കംസണിന്റെ വിശ്വാസം അവനെ നിർബന്ധിച്ചു. എന്നാൽ വിശ്വാസത്തെക്കുറിച്ചുള്ള ചർച്ചകളോടുള്ള ടീമംഗങ്ങളുടെ നിസ്സംഗത അവനെ നിരുത്സാഹപ്പെടുത്തി. മാർഗ്ഗനിർദേശത്തിനായി പ്രാർത്ഥിക്കവേ, മാൽക്കംസൺ യെശയ്യാവിലെ ശക്തമായ ഓർമ്മപ്പെടുത്തൽ വായിച്ചു, അവിടെ ദൈവം പറയുന്നു: “എന്റെ വചനം .... എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാവ് 55:11). യെശയ്യാവിന്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മാൽക്കംസൺ അജ്ഞാതനായി ടീമിലെ ഓരോ കളിക്കാരനും ഒരു ബൈബിൾ നൽകി. വീണ്ടും തിരസ്‌കരണം നേരിട്ടു. എന്നാൽ വർഷങ്ങൾക്കുശേഷം, ഒരു കളിക്കാരൻ തനിക്കു ലഭിച്ച ബൈബിൾ വായിച്ചതായി മാൽക്കംസൺ മനസ്സിലാക്കി-അയാൾ ദാരുണമായി മരിക്കുന്നതിനുമുമ്പ്, ആ ബൈബിളിന്റെ പേജുകളിൽ നിന്ന് താൻ കണ്ടെത്തിയ ദൈവവുമായുള്ള ബന്ധവും ദൈവത്തിനുവേണ്ടിയുള്ള ദാഹവും അയാൾ പ്രകടമാക്കി.
നമ്മിൽ പലരും യേശുവിനെ ഒരു സുഹൃത്തുമായോ കുടുംബാംഗവുമായോ പങ്കിട്ടിരിക്കാം, അത് നിസ്സംഗതയോ അല്ലെങ്കിൽ പൂർണ്ണമായ തിരസ്‌കരണമോ നേരിടേണ്ടി വന്നേക്കാം. എന്നാൽ നാം ഉടനടി ഫലം കാണുന്നില്ലെങ്കിലും, ദൈവത്തിന്റെ സത്യം ശക്തമാണ്, അവന്റെ ഉദ്ദേശ്യങ്ങൾ അവന്റെ സമയത്ത് നിറവേറ്റപ്പെടുകയും ചെയ്യും.
ഹല്ലേലൂയ്യ!
അതിശയകരം എന്ന് പറയട്ടെ, വർഷം തോറും ആയിരക്കണക്കിന് തവണ അവതരിപ്പിക്കപ്പെടുന്നതും ഒരുപക്ഷേ ലോകത്തിൽ ഏറ്റവും പ്രസിദ്ധവുമായ സംഗീത സൃഷ്ടിയായ മിശിഹാ എന്ന ഓറേറ്റോറിയോയുടെ (ഒരു സംഗീത രചന) സംഗീതം രചിക്കാൻ ഹാൻഡലിന് കേവലം 24 ദിവസമേ വേണ്ടിവന്നുള്ളൂ. ആരംഭിച്ച് 2 മണിക്കൂർ പിന്നിട്ട്, അതിന്റെ ഏറ്റവും പ്രസിദ്ധമായ "ഹല്ലേലൂയ്യ" കോറസ് എത്തുമ്പോഴാണ് ഈ അതിശയ സൃഷ്ടി അതിന്റെ ഉച്ചസ്ഥായി പ്രാപിക്കുന്നത്.
ട്രംപെറ്റും റ്റിമ്പണിയും ഈ കോറസിന്റെ തുടക്കം കുറിക്കുമ്പോൾ, ഒരു ശബ്ദം മറ്റൊന്നിനു മീതെയായി ഗായക സംഘം വെളിപ്പാട് 11:15 ലെ "അവൻ എന്നെന്നേക്കും വാഴും" എന്നത് പാടുന്നു. സ്വർഗത്തിൽ യേശുവിനോടു കൂടെയുള്ള നിത്യതയുടെ പ്രത്യാശയുടെ പ്രൗഢമായ ഒരു ഘോഷണമാണത്.
മിശിഹായിലെ മിക്കവാറും വാക്കുകൾ, ക്രിസ്തുവിന്റെ വീണ്ടും വരവിനോടനുബന്ധിച്ച് അന്ത്യകാലത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് യോഹന്നാൻ അപ്പസ്തോലന് ദർശനം ലഭിച്ച വെളിപ്പാട് പുസ്തകത്തിൽ നിന്നാണ്. ഇതിൽ ഉയിർത്തെഴുന്നേറ്റ യേശു ഭൂമിയിലേക്ക് വീണ്ടും വരുന്നു എന്ന പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയത്തിലേക്ക് യോഹന്നാൻ വീണ്ടും വീണ്ടും പോകുന്നുണ്ട് - അപ്പോഴെല്ലാം വലിയ സന്തോഷവും ഗായകവൃന്ദത്തിന്റെ ശബ്ദവും കേൾക്കാം (19:1-8 ). യേശു അന്ധകാര ശക്തികളെയും മരണത്തേയും തോല്പിച്ച് സമാധാനത്തിന്റെ രാജ്യം സ്ഥാപിച്ചതിനാൽ ലോകം ആനന്ദിക്കുകയാണ്.
ഒരിക്കൽ, സ്വർഗം മുഴുവൻ യേശുവിന്റെ മഹത്വകരമായ അധികാരത്തെയും നിത്യമായ വാഴ്ചയെയും ഘോഷിച്ചു കൊണ്ട് പാടും (7: 9). അതുവരെ നാം ജോലി ചെയ്യുന്നു, പ്രാർത്ഥിക്കുന്നു , പ്രത്യാശയോടെ കാത്തിരിക്കുന്നു.
വീണ്ടും കണ്ടെത്തി
ഒരു 1937 മോഡൽ വാണ്ടറർ W 24 സെഡാൻ കാറിന് ഒരു അസാധാരണ ചരിത്രമുണ്ട്. ബ്രിട്ടീഷുകാർ തടവിലാക്കിയ തന്റെ കൊൽക്കത്തയിലെ കുടുംബവീട്ടിൽ നിന്നും നേതാജി തന്റെ 'പ്രസിദ്ധമായ രക്ഷപ്പെടൽ' നടത്തിയത് ഈ കാറിലാണ്. കാറിന്റെ ഈ അപൂർവ്വ ചരിത്രത്തിൽ സന്തുഷ്ടരായി, ഓഡി ടീം 6 മാസത്തെ പരിശ്രമത്തിലൂടെ ഈ കാർ പുതുക്കിപ്പണിതു. 2017ൽ നേതാജിയുടെ രക്ഷപ്പെടലിന്റെ 75-ാം വാർഷികത്തിൽ ഈ വിശിഷ്ട നിധി പൊതുജനത്തിന് ദർശനത്തിനായി രാഷ്ട്രപതി ഡോ.പ്രണബ് മുഖർജി സമർപ്പിച്ചു.
മറഞ്ഞു കിടക്കുന്ന നിധികൾ പലവിധമാണ്. 2ദിനവൃത്താന്തത്തിൽ മറ്റൊരു നിധി കണ്ടെത്തിയതിനെപ്പറ്റി നാം വായിക്കുന്നു. തന്റെ വാഴ്ചയുടെ 18-ാം ആണ്ടിൽ യോശിയാവ് ദേവാലയം നവീകരിച്ചു. ഈ പ്രവൃത്തിക്കിടയിൽ മഹാപുരോഹിതനായ ഹില്കിയാവ് ന്യായപ്രമാണപുസ്തകം ദേവാലയത്തിൽ കണ്ടെത്തി (2ദിനവൃത്താന്തം34:15). പഴയ നിയമത്തിലെ ആദ്യ അഞ്ച് പുസ്തകങ്ങളായ ന്യായപ്രമാണ പുസ്തകം ദശാബ്ദങ്ങൾക്ക് മുമ്പ് ,ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി ഭദ്രമായി ഒളിച്ചു വെച്ചതാകാം. കാലക്രമേണ അത് വിസ്മൃതിയിലായി.
ഈ കണ്ടെത്തലിനെനെപ്പറ്റി യോശിയാ രാജാവിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിന് അതിന്റെ പ്രാധാന്യം മനസ്സിലായി. യോശിയാവ് യിസ്രായേലിലെ സകല ജനത്തെയും ഒരുമിച്ചുകൂട്ടി പുസ്തകം മുഴുവൻ വായിച്ച് കേൾപ്പിച്ചു അങ്ങനെ അതിലെഴുതിയിരിക്കുന്നത് പ്രമാണിക്കുവാൻ അവരെത്തന്നെ സമർപ്പിക്കുവാൻ സാധിക്കും (വാ. 30, 31).
ഇന്നും നമ്മുടെ ജീവിതത്തിൽ പ്രധാനപ്പെട്ടതായി, അമൂല്യ നിധിയായ, ബൈബിളിലെ 66 പുസ്തകങ്ങളും ഉപയോഗിക്കുക എന്ന വലിയ അനുഗ്രഹം നമുക്ക് നമുക്കുണ്ട്.
ചതയ്ക്കപ്പെട്ടതും മനോഹരവും
ഗുജറാത്തിൽ നിന്നുള്ള റോഗൻ ഫാബ്രിക് ആർട്ട് ഒറ്റനോട്ടത്തിൽ ലളിതമാണെന്നു തോന്നും. എന്നിരുന്നാലും, ഒരു ചെറിയ കഷണം പോലും പൂർത്തിയാക്കാൻ യഥാർത്ഥത്തിൽ രുണ്ടു മാസത്തിലധികം സമയമെടുക്കുമെന്നു നിങ്ങൾ മനസ്സിലാക്കുമ്പോഴാണ് പെയിന്റിംഗിനു ജീവൻ കൈവരുന്നത്. “സാവധാന കല’’ എന്നു നിങ്ങൾ വിളിച്ചേക്കാവുന്ന ഈ ചിത്രങ്ങൾക്കാവശ്യമായ നിറങ്ങൾക്കുവേണ്ടി ചതച്ച മിനറൽ അധിഷ്ഠിത നിറങ്ങൾ ആവണക്കെണ്ണയുമായി സംയോജിപ്പിക്കുന്ന മടുപ്പിക്കുന്ന പ്രക്രിയ ആറ് മണിക്കൂറിലധികം സമയമെടുക്കുന്നതാണ്. സൂക്ഷ്മമായി നോക്കുമ്പോൾ അത്യധികം സങ്കീർണ്ണതയും സൗന്ദര്യവും വെളിപ്പെടുന്നു. ഈ സാങ്കേതികതയിൽ സുവിശേഷം പ്രതിധ്വനിക്കുന്നു, കാരണം യേശുവിന്റെ കഷ്ടപ്പാടുകൾ ലോകത്തിനു സമ്പൂർണ്ണതയും പ്രത്യാശയും കൊണ്ടുവന്നതുപോലെ ഇവിടെ “തകർച്ചയിൽ സൗന്ദര്യമുണ്ട്.’’
ചതയ്ക്കപ്പെട്ടതും തകർക്കപ്പെട്ടതുമായ നമ്മുടെ ജീവിതത്തിന്റെ വശങ്ങൾ എടുക്കാനും പുതിയതും മനോഹരവുമായ എന്തെങ്കിലും സൃഷ്ടിക്കാനും ദൈവം ഇഷ്ടപ്പെടുന്നു. ദാവീദ് രാജാവിന് തന്റെ വിനാശകരമായ പ്രവൃത്തികൾ മൂലം ജീവിതത്തിൽ സംഭവിച്ച തകർച്ച പരിഹരിക്കാൻ ദൈവത്തിന്റെ സഹായം ആവശ്യമായിരുന്നു. സങ്കീർത്തനം 51 ൽ, മറ്റൊരു പുരുഷന്റെ ഭാര്യയെ എടുക്കാനും അവളുടെ ഭർത്താവിനെ കൊലപ്പെടുത്താനും തന്റെ രാജകീയ അധികാരം ദുരുപയോഗം ചെയ്തതായി സമ്മതിച്ചതിനുശേഷം, ദാവീദ് ദൈവത്തിനു തന്റെ “തകർന്നതും നുറുങ്ങിയതുമായ ഹൃദയത്തെ” (വാ. 17) സമർപ്പിക്കുകയും കരുണയ്ക്കായി അപേക്ഷിക്കുകയും ചെയ്തു. “പശ്ചാത്തപിക്കുക’’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അർത്ഥം “ചതച്ചത്’’ എന്നാണ് .
ദൈവം അവന്റെ ഹൃദയത്തെ പുതുക്കുന്നതിന് (വാ. 10), ദാവീദ് ആദ്യംദൈവത്തിനു തകർന്ന കഷണങ്ങൾ സമർപ്പിക്കേണ്ടി വന്നു. അതു സങ്കടത്തിന്റെയും വിശ്വാസത്തിന്റെയും ഒരു ഏറ്റുപറച്ചിലായിരുന്നു. ചതഞ്ഞതിനെ സ്‌നേഹപൂർവം സ്വീകരിച്ച് അതിനെ മനോഹരമായ ഒന്നാക്കി മാറ്റുന്ന വിശ്വസ്തനും ക്ഷമിക്കുന്നവനുമായ ഒരു ദൈവത്തിന്റെ പക്കൽ ദാവീദ് തന്റെ ഹൃദയം ഭരമേൽപ്പിച്ചു.
സ്നേഹമില്ലെങ്കിൽ നിഷ്പ്രയോജനം
ഞാൻ ഓർഡർ ചെയ്ത് ലഭിച്ച മേശയുടെ പെട്ടി ഞാൻ തുറന്നു. ഓരോ ഭാഗവും നിരത്തി വെച്ചപ്പോൾ എന്തോ ഒരു പന്തികേട് തോന്നി. മനോഹരമായ മേശയുടെ ഓരോ ഭാഗവും പ്രത്യേകം പ്രത്യേകം പരിശോധിച്ചപ്പോൾ ഒരു കാല് കുറവുളളതായി കണ്ടു. എല്ലാക്കാലുകളും ഇല്ലാതെ മേശ നിർത്താൻ പറ്റില്ല; അത് ഉപയോഗശൂന്യമായിത്തീർന്നു.
മേശ മാത്രമല്ല ഒരു പ്രധാന ഭാഗം ഇല്ലെങ്കിൽ പ്രയോജനരഹിതമാകുന്നത്. 1 കൊരിന്ത്യർ ലേഖനത്തിൽ പൗലോസ് വായനക്കാരോട് പറയുന്നത് അവരുടെ ജീവിതത്തിൽ ഒരു അനിവാര്യഘടകത്തിന്റെ കുറവുണ്ട് എന്നാണ്. വിശ്വാസികൾ നിരവധി ആത്മവരങ്ങൾ ഉള്ളവരായിരുന്നു, എന്നാൽ അവർക്ക് സ്നേഹത്തിന്റെ അഭാവമുണ്ടായിരുന്നു.
അല്പം അതിശയോക്തി ഉപയോഗിച്ചാണ് പൗലോസ് തന്റെ ആശയം അവതരിപ്പിക്കുന്നത്. അവർക്ക് സകല ജ്ഞാനവും ഉണ്ടായാലും, അവർക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, മനഃപൂർവ്വമായി കഷ്ടത സഹിച്ചാലും സ്നേഹത്തിന്റെ അടിസ്ഥാനത്തിലല്ലെങ്കിൽ ആ പ്രവൃത്തികളെല്ലാം നിഷ്ഫലമായിത്തീരും (1 കൊരിന്ത്യർ 13:1-3). എല്ലാ പ്രവൃത്തികളും സ്നേഹത്താൽ പ്രചോദിതമായിരിക്കണമെന്ന് പൗലോസ് ആഹ്വാനം ചെയ്യുന്നു; എല്ലാം പൊറുക്കുന്ന, എല്ലാം വിശ്വസിക്കുന്ന, എല്ലാം പ്രത്യാശിക്കുന്ന, എല്ലാം സഹിക്കുന്ന ആ സ്നേഹത്തിന്റെ മനോഹാരിത എത്ര ഹൃദയസ്പർശിയായാണ് താൻ വിവരിച്ചിരിക്കുന്നത് (വാ. 4-7).
നാം നമ്മുടെ വിശ്വാസ കൂട്ടായ്മയിൽ, പഠിപ്പിക്കാനോ ശുശ്രൂഷിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഒക്കെ നമ്മുടെ ആത്മവരങ്ങൾ ഉപയോഗിക്കുമ്പോൾ അതെല്ലാം സ്നേഹത്തിൽ ചെയ്യണമെന്നാണ് ദൈവം ഉദ്ദേശിക്കുന്നത് എന്ന കാര്യം മറക്കരുത്. അല്ലെങ്കിൽ അത് ഒരു കാല് ഇല്ലാത്ത മേശ പോലെയാകും. അതുകൊണ്ട് ഉദ്ദേശിക്കുന്ന കാര്യം സാധ്യമാകാതെ പോകും.
ഇതിലും വലിയ സ്നേഹമില്ല
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എഴുപത്തിയൊൻപതാം വാർഷികം രാജ്യം 2021-ൽ ആഘോഷിച്ചപ്പോൾ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമരസേനാനികളെ നാം ആദരിക്കുകയായിരുന്നു. 1944 ഓഗസ്റ്റ് 8-ന്, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു കൊണ്ട്, ഗാന്ധി തന്റെ പ്രസിദ്ധമായ "പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക" എന്ന പ്രസംഗം നടത്തി. "നാം ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രയാക്കും, അല്ലെങ്കിൽ അതിനായുള്ള പരിശ്രമത്തിൽ ജീവൻ വെടിയും; നമ്മുടെ അടിമത്തം ശാശ്വതമാകുന്നത് കാണാൻ വേണ്ടി നാം ജീവിക്കുകയില്ല."
തിന്മയെ പ്രതിരോധിക്കുവാനും അടിച്ചമർത്തപ്പെട്ടവരെ മോചിപ്പിക്കുവാനും സ്വന്തജീവനെ ഹോമിക്കുവാൻ തയ്യാറുള്ളവർ യേശുവിന്റെ ഈ വാക്കുകളെ ഓർമ്മിപ്പിക്കുന്നു: "സ്നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല" (യോഹന്നാൻ 15:13). അന്യോന്യം സ്നേഹിക്കുന്നതിനെപ്പറ്റി ശിഷ്യന്മാരെ പഠിപ്പിക്കുന്നതിനിടയിലാണ് ക്രിസ്തു ഇത് പറയുന്നത്. ഇപ്രകാരമുള്ള സ്നേഹത്തിന്റെ വിലയും ആഴവും അവർ അറിയണമെന്ന് അവൻ ആഗ്രഹിച്ചു - ഒരാൾ മറ്റൊരാൾക്കു വേണ്ടി സ്വമനസ്സാ തന്റെ ജീവൻ ത്യജിക്കുന്ന സ്നേഹം! മറ്റുള്ളവരെ ത്യാഗപൂർവ്വം സ്നേഹിക്കുക എന്നതാണ് "അന്യോന്യം സ്നേഹിക്കുക" (വാ.17) എന്ന യേശുവിന്റെ കല്പനയുടെ അന്തസത്ത.
ചിലപ്പോൾ കുടുംബത്തിലെ പ്രായമായ ഒരാളുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതാകാം ഈ ത്യാഗപൂർവ്വമായ സ്നേഹത്തിന്റെ പ്രകടനം. സ്കൂളിലെ തിരക്കുകളുടെയിടയിലും വീട്ടിലെ ജോലികളിൽ സഹായിക്കുന്നതുമാകാം. സുഖമില്ലാത്ത കുഞ്ഞിന്റെ പരിചരണം ഏറ്റെടുത്ത് ജീവിത പങ്കാളിയെ വിശ്രമിക്കുവാൻ അനുവദിക്കുന്നതുമാകാം. ഇങ്ങനെ ത്യാഗപൂർവ്വം പ്രവർത്തിക്കുന്നതാണ് സ്നേഹത്തിന്റെ മഹത്തായ പ്രകടനം.
സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം
2020 ഓഗസ്റ്റിൽ, സ്വിറ്റ്സർലൻഡിലെ ഓൾട്ടൻ നിവാസികൾ മഞ്ഞുപോലെ നിരത്തിൽ ചോക്ലേറ്റ് മൂടിയതായി കണ്ട് ഞെട്ടി! ഒരു പ്രാദേശിക ചോക്ലേറ്റ് ഫാക്ടറിയുടെ വെന്റിലേഷൻ സംവിധാനത്തിലെ തകരാർ മൂലം, ചോക്ലേറ്റ് കണങ്ങൾ വായുവിലേക്ക് വ്യാപിക്കുന്നതിന് കാരണമായി. തത്ഫലമായി, ഭക്ഷ്യയോഗ്യമായ ചോക്ലേറ്റ് കണങ്ങൾ മഞ്ഞായി കാറുകളെയും തെരുവുകളെയും മൂടുകയും നഗരം മുഴുവൻ ഒരു മിഠായി സ്റ്റോർ പോലെ മണക്കുകയും ചെയ്തു.
സ്വർഗ്ഗത്തിൽ നിന്ന് വീഴുന്ന രുചികരമായ "അത്ഭുത" ഭക്ഷണത്തെക്കുറിച്ച് ഞാൻ ചിന്തിക്കുമ്പോൾ, പുറപ്പാടിലെ ഇസ്രായേൽ ജനതയ്ക്കുള്ള ദൈവത്തിന്റെ കരുതലുകളെക്കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാനാവില്ല. ഈജിപ്തിൽ നിന്നുള്ള നാടകീയമായ രക്ഷപ്പെടലിനെത്തുടർന്ന്, മരുഭൂമിയിൽ, പ്രത്യേകിച്ച് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യത്താൽ ജനങ്ങൾ കാര്യമായ വെല്ലുവിളികൾ നേരിട്ടു. ജനങ്ങളുടെ ദുരിതം കണ്ട ദൈവം "ആകാശത്തുനിന്ന് അപ്പം വർഷിപ്പിക്കും" എന്നു വാഗ്ദാനം ചെയ്തു (പുറപ്പാട് 16: 4). പിറ്റേന്ന് രാവിലെ, മരുഭൂമിയിൽ ആകെ ഒരു നേരിയ വസ്തു പൊഴിഞ്ഞു കിടന്നു. മന്ന എന്നറിയപ്പെട്ട ഈ ദൈനംദിന ആഹാരം അടുത്ത നാൽപത് വർഷത്തേക്ക് തുടർന്നു.
യേശു ഭൂമിയിൽ വന്നപ്പോൾ, ജനക്കൂട്ടത്തിന് അദ്ഭുതകരമായി അപ്പം നൽകിയപ്പോൾ, ദൈവം അവനെ അയച്ചതാണെന്ന് ആളുകൾ വിശ്വസിക്കുവാൻ തുടങ്ങി (യോഹന്നാൻ 6: 5-14). എന്നാൽ, താൻ തന്നെയാണ് "ജീവന്റെ അപ്പം" എന്നും (വാ. 35), താൽക്കാലിക അപ്പം അല്ല , നിത്യജീവനെ നല്കുവാനാണ് താൻ വന്നതെന്നും (വാ. 51) യേശു പഠിപ്പിച്ചു.
ആത്മീയ ആഹാരത്തിനായി ആഗ്രഹിക്കുന്ന നമുക്ക്, ദൈവത്തോടൊപ്പം അനന്തമായ ജീവൻ യേശു വാഗ്ദാനം ചെയ്യുന്നു. ആഴത്തിലുള്ള നമ്മുടെ ആത്മാവിന്റെ വാഞ്ഛയെ തൃപ്തിപ്പെടുത്താനാണ് അവൻ വന്നത് എന്നു നമുക്ക് വിശ്വസിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യാം.
ഭൗമദിനത്തിലെ കൃതജ്ഞത
ഏപ്രിൽ 22 ന് എല്ലാ വർഷവും ഭൗമദിനമായി ആചരിക്കുന്നു. ഈ കഴിഞ്ഞ കുറെ വർഷങ്ങളായി, ഏകദേശം 200 രാജ്യങ്ങളിലെ ഒരു ബില്യനിലധികം വരുന്ന ജനങ്ങൾ ഈ ദിനത്തോടനുബന്ധിച്ച് വിവിധ ബോധന-സേവന പരിപാടികളിൽ ഏർപ്പെടുന്നു. ഓരോ വർഷവും ഭൗമദിനം ആചരിക്കുന്നതിനാൽ നമ്മുടെ ഈ അത്ഭുത ഗ്രഹത്തിന്റെ പ്രാധാന്യം സ്മരിക്കപ്പെടുന്നു. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഈ ദിനാചരണത്തോടെ മാത്രം ഓർക്കാൻ തുടങ്ങിയതല്ല-അതിന് സൃഷ്ടിയോളം തന്നെ പഴക്കമുണ്ട്.
ഉല്പത്തി പുസ്തകത്തിൽ, ദൈവം ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ചിട്ട് ഭൂമിയെ മനുഷ്യന് വസിക്കാനായി രൂപകല്പന ചെയ്തതായി, വായിക്കുന്നു. അവൻ കുന്നുകളും താഴ് വരകളും രൂപപ്പെടുത്തുക മാത്രമല്ല, മനുഷ്യന് ആഹാരവും പാർപ്പിടവും ആനന്ദവും ഒക്കെ നൽകാൻ മനോഹരമായ ഏദെൻ തോട്ടവും നിർമ്മിച്ചു (ഉല്പത്തി 2:8-9).
തന്റെ ഏറ്റവും പ്രധാന സൃഷ്ടിയായ മനുഷ്യരുടെ മൂക്കിൽ ജീവശ്വാസം ഊതിയശേഷം അവരെ ഏദെനിൽ ആക്കി, (വാ. 8, 22) “തോട്ടത്തിൽ വേല ചെയ്യുവാനും അതിനെ കാക്കുവാനും “നിയമിച്ചു (വാ.15). ആദമിനെയും ഹവ്വയെയും തോട്ടത്തിൽ നിന്ന് പുറത്താക്കിയ ശേഷം ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കുക എന്നത് കൂടുതൽ പ്രയാസകരമായി (3:17-19), എങ്കിലും, ഇന്നു വരെയും ദൈവം തന്നെ ഈ ഗ്രഹത്തെയും ജീവികളെയും പരിപാലിക്കുകയും (സങ്കീർത്തനങ്ങൾ 65:9-13) നമ്മോടും അക്കാര്യം തന്നെ ആവശ്യപ്പെടുകയും ചെയ്യുന്നു (സദൃശ്യവാക്യങ്ങൾ 12:10).
നമ്മൾ ജനനിബിഡമായ പട്ടണത്തിലോ ഗ്രാമപ്രദേശങ്ങളിലോ ആയാലും ദൈവം ഭരമേല്പിച്ച മേഖലകളെ സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇങ്ങനെ നാം ഈ ഭൂമിയെ പരിപാലിക്കുന്നത് ഈ മനോഹര ഗ്രഹം നമുക്ക് പ്രദാനം ചെയ്തതിന് ദൈവത്തോടുള്ള കൃതജ്ഞതയുടെ പ്രകടനം കൂടിയാണ്.
സമാധാനത്തിന്റെ കുരിശ്
ഡച്ച് ചിത്രകാരനായ എഗ്‌ബർഗ് മോഡർമാന്റെ കുറെനക്കാരനായ ശിമോൻ എന്ന പെയിന്റിങ്ങിലെ കണ്ണുകൾ പ്രസന്നതയില്ലാത്തവയാണ്. തന്നെ ഭരമേല്പിച്ച കാര്യത്തിന്റെ ശാരീരികവും മാനസികവുമായ ഭാരമാണ് ശിമോന്റെ ആ കണ്ണുകൾ പ്രതിഫലിപ്പിക്കുന്നത്. മർക്കൊസ് 15ലെ വിവരണത്തിൽ നിന്ന് നാം മനസ്സിലാക്കുന്നത് ശിമോനെ ജനക്കൂട്ടത്തിന്റെയിടയിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുവന്നാണ് യേശുവിന്റെ കുരിശ് ചുമക്കാൻ ഏല്പിച്ചത് എന്നാണ്.
ശിമോൻ കുറെനയിൽ നിന്നുള്ളയാളാണെന്ന് മർക്കൊസ് പറയുന്നു. കുറെന വടക്കേ ആഫ്രിക്കയിലെ ഒരു വലിയ പട്ടണമായിരുന്നു. യേശുവിന്റെ കാലത്ത് ധാരാളം യഹൂദർ അവിടെയുണ്ടായിരുന്നു. മിക്കവാറും ശിമോൻ പെസഹാത്തിരുന്നാളിനു വേണ്ടി യരുശലെമിൽ വന്നതാകണം. ഈ നീതിരഹിതമായ വധശിക്ഷ നടപ്പാക്കുന്നതിനിടയിൽ അദ്ദേഹം പെട്ടു പോയതാണെങ്കിലും, ചെറുതെങ്കിലും അർത്ഥവത്തായ ഒരു സഹായം യേശുവിന് ചെയ്യുവാൻ അദ്ദേഹത്തിന് ഇടയായി (മർക്കൊസ് 15:21).
മർക്കോസിന്റെ സുവിശേഷത്തിൽ, യേശു ശിഷ്യന്മാരോട് നേരത്തെ പറഞ്ഞിട്ടുണ്ട്: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തു കൊണ്ട് എന്നെ അനുഗമിക്കട്ടെ” (8:34). കർത്താവ് ശിഷ്യന്മാരോട് പ്രതീകാത്മകമായി പറഞ്ഞത് ഗൊൽഗോഥായിലേക്കുള്ള വഴിയിൽ ശിമോൻ അക്ഷരാർത്ഥത്തിൽ ചെയ്തു: അവൻ തന്നെ ഏല്പിച്ച കുരിശ് യേശുവിനുവേണ്ടി ചുമന്നു.
നമുക്കും ചുമക്കുവാൻ “കുരിശുകൾ “ഉണ്ട്:ചിലപ്പോൾ രോഗമാകാം, ശുശ്രൂഷയിലെ വെല്ലുവിളിയാകാം, പ്രിയപ്പെട്ട ആരെങ്കിലും മരിച്ചതാകാം, വിശ്വാസത്തെപ്രതിയുള്ള ഉപദ്രവമാകാം. നാം വിശ്വാസത്താൽ ഈ പ്രയാസത്തെ വഹിക്കുന്നത് വഴി മററുള്ളവരുടെ ശ്രദ്ധയെ ക്രിസ്തുവിന്റെ സഹനത്തിലേക്കും ക്രൂശുമരണത്തിലേക്കും തിരിക്കാനാകും. അവന്റെ കുരിശാണ് നമുക്ക് ദൈവത്തോട് സമാധാനവും ജീവിത യാത്രക്ക് ശക്തിയും പ്രദാനം ചെയ്തത്.
സംസാരിക്കുന്ന ബസ്
2019 ൽ ഓക്സ്ഫോർഡ് ബസ് കമ്പനി “സംസാരിക്കുന്ന ബസ് (chatty bus)” എന്ന പേരിൽ ഒരു സർവ്വീസ് ആരംഭിച്ചു. താല്പര്യമുള്ള യാത്രക്കാരോട് സംസാരിക്കാനായി പ്രത്യേകം ആളുകളെ ബസ്സിൽ നിയോഗിച്ചു. വളരെ പെട്ടെന്ന് ശ്രദ്ധയാകർഷിച്ച ഈ സർവീസ് ആരംഭിച്ചത് സർക്കാരിന്റെ ഒരു ഗവേഷണഫലത്തോടുള്ള പ്രതികരണമെന്ന നിലയിലാണ്. പ്രസ്തുത ഗവേഷണം കണ്ടെത്തിയത് 30 ശതമാനത്തോളം ബ്രിട്ടീഷുകാർ ഓരോ ആഴ്ചയിലും കുറഞ്ഞത് ഒരു ദിവസത്തോളം സമയമെങ്കിലും അർത്ഥവത്തായ സംഭാഷണമില്ലാതെ കഴിയുന്നു എന്നാണ്.
ആവശ്യനേരത്ത് സംസാരിക്കാൻ പറ്റിയ ആരുമില്ലാത്തതിനാൽ നമ്മിൽ അനേകരും ഈ ഏകാന്തത അനുഭവിക്കുന്നുണ്ട്. എന്റെ ജീവിതത്തിൽ അനുഭവിക്കാനായ ചില നല്ല ചർച്ചകൾ ഓർക്കുമ്പോൾ ഗൗരവമേറിയ സംഭാഷണത്തിന്റെ വില എത്രയധികമാണെന്ന് എനിക്ക് മനസ്സിലാകുന്നു. പ്രസ്തുത അവസരങ്ങളൊക്കെ എനിക്ക് ആനന്ദവും പ്രോത്‌സാഹനവും നല്കുകയും ആഴമേറിയ വ്യക്തിബന്ധങ്ങൾ രൂപപ്പെടുത്തുവാൻ ഉതകുകയും ചെയ്തു.
കൊലോസ്യർക്കുള്ള ലേഖനത്തിന്റെ അവസാനം, പൗലോസ് ക്രിസ്തുവിശ്വാസികളുടെ വിജയകരമായ ജീവിതത്തിനുള്ള മാർഗനിർദേശങ്ങൾ നല്കുമ്പോൾ, എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്നതിൽ സംസാരത്തിനുള്ള പ്രാധാന്യവും എടുത്തു പറയുന്നുണ്ട്. ”നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടു കൂടിയത്” (4:6) ആയിരിക്കട്ടെ എന്ന് അപ്പൊസ്തലൻ എഴുതി. കേവലം സംസാരം ഉണ്ടാകണമെന്നല്ല, കേൾക്കുന്നവർക്ക് യഥാർത്ഥത്തിൽ പ്രോത്സാഹനമാകുന്ന വിധത്തിൽ മൂല്യമുള്ള “കൃപയോടു കൂടിയ” വാക്കുകൾ പറയണമെന്നാണ് ആഹ്വാനം ചെയ്തത്.
ഇനിയുള്ള ഏതവസരത്തിലും നിങ്ങൾക്ക് കൂട്ടുകാരോടോ സഹപ്രവർത്തകരോടോ അല്ലെങ്കിൽ ബസ്സിലോ വിശ്രമ മുറിയിൽ ഇരിക്കുന്ന അപരിചിതരോടോ ഒരു സംഭാഷണത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കുമ്പോൾ, അത് നിങ്ങൾ രണ്ടു പേരുടെയും ജീവിതത്തിൽ അനുഗ്രഹകരമാകുന്ന വിധം ഉപയോഗിക്കുവാൻ ശ്രദ്ധിക്കുമല്ലോ.